
ചെന്നൈ: പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു. 75 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 8.30-ഓടെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണകാരണം വ്യക്തമായിട്ടില്ല. തനതായ സംഗീതശൈലിയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ദേവ, സിനിമാലോകത്ത് 'തേനിസൈ തെൻട്രൽ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
1950 നവംബർ 20-ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച അദ്ദേഹം തമിഴ് സിനിമയിലെ ശ്രദ്ധേയരായ സംഗീതസംവിധായകരിൽ ഒരാളായി മാറുകയായിരുന്നു. നാടൻപാട്ടുകളുടെ താളവും വ്യത്യസ്തമായ ഈണങ്ങളും സമന്വയിപ്പിച്ച സംഗീതമാണ് ദേവയെ ജനപ്രിയനാക്കിയത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നൂറുകണക്കിന് സിനിമകൾക്ക് സംഗീതം നൽകി. നിരവധി ചിത്രങ്ങളിൽ ഗായകനായും അദ്ദേഹം പ്രവർത്തിച്ചു.
1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് സിനിമയിൽ ശ്രദ്ധേയനായത്. രജനികാന്ത് നായകനായ 'ബാഷ', 'അണ്ണാമലൈ' തുടങ്ങിയ ചിത്രങ്ങളിലെ സംഗീതം അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന നാഴികക്കല്ലുകളായി. 'ആസൈ', 'കാതൽ കോട്ടൈ', 'നേർക്കു നേർ', 'നിനൈത്തേൻ വന്തായി', 'പ്രിയമുടൻ', 'വാലി', 'കുഷി' തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയമായ സംഗീതസംഭാവനകൾ നൽകി. മലയാള സിനിമയിലും ദേവ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 'ദ പ്രിൻസ്', 'കിങ് സോളമൻ', 'ഫാന്റം' എന്നീ മലയാള ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കി. കമൽഹാസൻ നായകനായ 'അവ്വൈ ഷൺമുഖി'യുടെ ഹിന്ദി പതിപ്പായ 'ചാച്ചി 420'യുടെ പശ്ചാത്തലസംഗീതവും ദേവയാണ് നിർവഹിച്ചത്.
സംഗീതസംവിധായകൻ എന്ന നിലയിൽ മാത്രമല്ല, അഭിനയരംഗത്തും ദേവ കഴിവ് തെളിയിച്ചു. 'സുമ്മാ ഇരുങ്ക മച്ചാൻ', 'ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ', 'ചിന്ന രാജ', 'വാണി മഹൽ', 'അടി തടി', 'ഇംഗ്ലീഷ്കാരൻ', 'മോതി വിളയാട്', 'സൂരിയൻ സട്ട കല്ലൂരി' തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തമിഴ് സംഗീതമേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവയെ തേടിയെത്തി. 'ആസൈ' എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് മികച്ച സംഗീതസംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
സംഗീതസംവിധായകൻ ശ്രീകാന്ത് ദേവ മകനാണ്. സബേഷും മുരളിയുമാണ് മറ്റു മക്കൾ. ദേവയുടെ വിയോഗത്തോടെ തമിഴ് സിനിമയ്ക്ക് തനതായ സംഗീതശൈലിയിലൂടെ നിരവധി ഹിറ്റുകൾ സമ്മാനിച്ച പ്രതിഭയെയാണ് നഷ്ടമായത്.










